കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങള്‍ കണ്ടതിൻ്റെ ഞെട്ടല്‍ മാറും മുൻപേ സമാനരീതിയിലുള്ള മറ്റൊരു സംഭവത്തിൻ്റെ വീഡിയോദൃശ്യങ്ങളും പുറത്ത്.പീച്ചി പോലീസ് സ്റ്റേഷനില്‍ 2023-ല്‍ നടന്ന മർദനത്തിൻ്റെ ദൃശ്യങ്ങളാണ് പരാതിക്കാരൻ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പാണ് ഒന്നരവർഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച മർദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യം പുറത്തുവന്നിട്ടും കുറ്റക്കാരായ പോലീസുകാർക്കെതിരേയുള്ള നടപടിക്കായി ഇപ്പോഴും നിയമപോരാട്ടം നടത്തുകയാണ് അദ്ദേഹം.2023 മേയ് 24-നാണ് കെ.പി. ഔസേപ്പ്, മകൻ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാർ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനില്‍ അപമാനിക്കുകയും മർദിക്കുകയുംചെയ്തത്. ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പീച്ചി എസ്ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിലായിരുന്നു മർദനം.മർദനദൃശ്യത്തിനുവേണ്ടി വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷ പോലീസ് നിരന്തരം തള്ളി. മാവോവാദിഭീഷണിയും സ്ത്രീസുരക്ഷയുമെല്ലാം ദൃശ്യം കൈമാറാതിരിക്കാനുള്ള കാരണങ്ങളായി പോലീസ് നിരത്തി. ഒടുവില്‍ മനുഷ്യാവകാശകമ്മിഷൻ ഇടപെട്ടതിനുശേഷമാണ് ദൃശ്യങ്ങള്‍ നല്കാൻ പോലീസ് തയ്യാറായത്; ഒന്നരവർഷത്തെ നിയമപോരാട്ടത്തിനൊടുവില്‍. എന്നിട്ടും കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ മടിക്കുകയാണ് അധികൃതർ. മർദിച്ച എസ്ഐയെക്കൂടി പ്രതിചേർക്കാൻ ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശികനേതാവ് സുജിത്തിനെ പോലീസുകാർ ക്രൂരമായി മർദിച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാരെ ശനിയാഴ്ച സർവീസില്‍നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ