പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച്‌ച പുറപ്പെടുവിക്കും.
പ്രദേശത്തെ ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചെന്ന് തൃശൂർ ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു. റിപ്പോർട്ടിൽ ചിലയിടങ്ങളിൽ ചെറിയ ഗതാഗതക്കുരുക്കുണ്ടെന്ന് കളക്‌ടർ വ്യക്തമാക്കിയിരുന്നെങ്കിലും, തിരക്കേറിയ റോഡിൽ ഇത് സ്വാഭാവികമാണെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു.
കോടതി നിർദേശിച്ച എല്ലാ നടപടികളും പൂർത്തിയാക്കിയതിനാൽ ടോൾ പിരിവ് ഉടൻ പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും ആവശ്യപ്പെട്ടിരുന്നു. ടോൾ പിരിവ് നിർത്തിവെച്ചത് വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും മുന്നൂറിലധികം തൊഴിലാളികളുണ്ടെന്നും അവർ കോടതിയെ അറിയിച്ചു. ടോൾ പിരിക്കാൻ തിങ്കളാഴ്ച മുതൽ ഉപാധികളോടെ അനുമതി നൽകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ