Pudukad News
Pudukad News

കുന്നംകുളം കസ്റ്റഡി മര്‍ദനം: കര്‍ശന നടപടി ഉണ്ടാകും; ഡിജിപി റവാഡാ ചന്ദ്രശേഖര്‍


കുന്നംകുളം പൊലിസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പൊലിസുകാർ ക്രൂരമായി മർദിച്ച സംഭവത്തില്‍ കർശന നടപടി ഉണ്ടാകുമെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ.കസ്റ്റഡി മർദനം ഒരിക്കലും അനുവദിക്കില്ലെന്നും, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡിജിപി വ്യക്തമാക്കി.

"പൊലിസ് സ്റ്റേഷനുകളില്‍ സൗമ്യവും എന്നാല്‍ ദൃഢവുമായ സമീപനം ഉണ്ടാകണം. 'മൃദുഭാവേ ദൃഢ കൃത്യ' എന്ന ആപ്തവാക്യം പൊലിസ് ഉദ്യോഗസ്ഥർ പാലിക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.

സംഭവത്തില്‍ കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് ഇന്ന് തൃശൂർ ഡിഐജി ഓഫീസിലേക്ക് മാർച്ച്‌ നടത്തും. മർദനമേറ്റ സുജിത്തിനെ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നെത്തും. കുറ്റക്കാർക്കെതിരെ ഉടൻ നടപടി ആവശ്യപ്പെട്ട് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. "ക്രൂരമായ മർദനം നടത്തിയ ഉദ്യോഗസ്ഥരെ സർവീസില്‍ നിന്ന് പുറത്താക്കണം. ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം," അദ്ദേഹം ആവശ്യപ്പെട്ടു.

തൃശൂർ ഡിഐജി ഹരിശങ്കർ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പൊലിസ് ഉദ്യോഗസ്ഥർക്ക് രണ്ട് വർഷത്തെ ഇൻക്രിമെന്റ് വെട്ടിക്കുറച്ചതായും അവരെ സ്റ്റേഷനില്‍ നിന്ന് സ്ഥലംമാറ്റിയതായും റിപ്പോർട്ടില്‍ പറയുന്നു. "കൈകൊണ്ട് ഇടിച്ചതിന്റെ" കുറ്റം മാത്രമാണ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. കുന്നംകുളം കോടതി നേരിട്ട് കേസ് അന്വേഷിക്കുകയാണ്. കോടതി ഉത്തരവിന് ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു.2023 ഏപ്രില്‍ 5-നാണ് തൃശൂർ കുന്നംകുളം പൊലിസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലിസുകാർ ക്രൂരമായി മർദിച്ചത്. പൊലിസിന്റെ ഭീഷണിയെ ചോദ്യം ചെയ്തതിന്റെ പേര് പറഞ്ഞാണ് മർദനം. രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലിസിന്റെ ക്രൂരത വെളിവാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price