കുന്നംകുളത്തെ കസ്റ്റഡി മർദനത്തില്‍ പ്രതിഷേധിച്ച് തിരുവോണ ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് 'കൊലച്ചോറ് സമര'വുമായി രംഗത്ത്.തൃശ്ശൂർ ഡിഐജി ഓഫീസിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകാത്മക പ്രതിഷേധം. മർദനത്തില്‍ ഉള്‍പ്പെട്ട പൊലിസുകാരുടെ മുഖംമൂടിയും പൊലിസ് വേഷവും ധരിച്ചെത്തിയാണ് പ്രവർത്തകർ സമരം നടത്തിയത്. ഡിഐജി ഓഫീസിന് മുന്നിലെ ബാരിക്കേഡിന് സമീപം ഇലയിട്ട് പ്രതിഷേധിക്കുകയും ചെയ്തു.2023 ഏപ്രില്‍ 5-നാണ് കോണ്‍ഗ്രസ് പ്രവർത്തകനായ വി.എസ്. സുജിത്തിന് കസ്റ്റഡിയില്‍ വെച്ച് ക്രൂരമർദനം ഏറ്റത്. രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം മർദനത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമായത്. മർദനം ഒതുക്കാൻ പൊലിസ് 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തെന്ന് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്ത് വെളിപ്പെടുത്തിയിരുന്നു. പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനും സമാനമായ വാഗ്ദാനം ലഭിച്ചതായി സുജിത്ത് വ്യക്തമാക്കി. എന്നാല്‍, നിയമവഴിയില്‍ തുടരുമെന്ന് സുജിത്ത് പ്രതികരിച്ചതോടെ പൊലിസ് പിന്മാറുകയായിരുന്നു.സംഭവത്തില്‍ പൊലിസ് ഡ്രൈവറായിരുന്ന സുഹൈർ ഉള്‍പ്പെടെ അഞ്ച് പേർ മർദനത്തില്‍ പങ്കാളികളാണെന്ന് സുജിത്ത് ആരോപിക്കുന്നു. എന്നാല്‍, സുഹൈർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. നിലവില്‍ സുഹൈർ റവന്യൂ വകുപ്പില്‍ ജോലി ചെയ്യുകയാണ്. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലിസ് ഭീഷണിപ്പെടുത്തുന്നത് കണ്ട് സുജിത്ത് കാരണം തിരക്കിയതാണ് മർദനത്തിന് കാരണം.പ്രതികള്‍ക്ക് പൊലിസ് തന്നെ സംരക്ഷണം നല്‍കിയെന്നും ആരോപണമുണ്ട്. ദുർബല വകുപ്പുകളാണ് കേസില്‍ ചുമത്തിയത്. ലോക്കപ്പ് മർദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഐപിസി 323 (കൈകൊണ്ട് അടിച്ചതിന് ഒരു വർഷം തടവ് ലഭിക്കാവുന്ന കുറ്റം) മാത്രമാണ് ചുമത്തിയത്. നാല് പൊലിസുകാർക്ക് മൂന്ന് വർഷത്തെ പ്രമോഷൻ വിലക്കും രണ്ട് വർഷത്തെ ഇൻക്രിമെന്റ് വിലക്കും ഏർപ്പെടുത്തി. തുടർനടപടികള്‍ കോടതി തീരുമാനത്തിന് വിട്ടിരിക്കുകയാണ് പൊലിസ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ