Pudukad News
Pudukad News

ആവശ്യത്തിന് ജീവനക്കാരില്ല, താളം തെറ്റി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം


ആവശ്യത്തിന് ജീവനക്കാരില്ലാതെ തൃശൂർ ഗവ.മെഡിക്കല്‍ കോളേജിന്റെ പ്രവർത്തനം താളം തെറ്റുന്നു. കാർഡിയോളജി, പോസ്റ്റ്‌മോർട്ടം വിഭാഗങ്ങളിലാണ് പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്. ഡോക്ടർമാരുടെ കുറവ് മൂലം രാപ്പകല്‍ വ്യത്യാസമില്ലാതെ രോഗികള്‍ ബുദ്ധിമുട്ടുകയാണ്. കാർഡിയോളജി വിഭാഗത്തിലാണ് ഗുരുതമായ പ്രതിസന്ധി നേരിടുന്നത്. നിലവില്‍ അഞ്ച് ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുന്നത്. എന്നാല്‍ ഇത് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മതിയാകുന്നില്ല. രാത്രികാലങ്ങളില്‍ വിദഗ്ദ്ധ ഡോക്ടർമാർ സേവനത്തിനില്ലാത്തത് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതുമൂലം രാത്രികാലങ്ങളില്‍ എത്തുന്ന രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം യുവാവിന് ആവശ്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ആശുപത്രിയില്‍ സംഘർഷമുണ്ടായി. മറ്റൊരു രോഗിയുടെ ബന്ധുക്കള്‍ക്കും സമാനമായ അനുഭവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രതിഷേധവും അരങ്ങേറി.
മാസത്തില്‍ നൂറിലേറെ ആൻജിയോപ്ലാസ്റ്റികള്‍ മെഡിക്കല്‍ കോളജില്‍ നടത്തുന്നുണ്ടെങ്കിലും ജീവനക്കാരുടെ കുറവുകാരണം ചികിത്സാ സംവിധാനം ദുർബലമാകുന്നതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി. കാർഡിയോളജി വിഭാഗത്തെ ശക്തിപ്പെടുത്തുന്നതല്‍ അധികൃതർ അവഗണനയാണ് കാണിക്കുന്നതെന്ന് അവർ ആരോപിച്ചു. കാർഡിയോളജി വിഭാഗത്തില്‍ ആവശ്യമായ സൗകര്യങ്ങളും ജീവനക്കാരെയും നിയമിക്കണമെന്ന് നിരവധി തവണ അപേക്ഷ നല്‍കിയിട്ടും സർക്കാർ തലത്തില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ പ്രവർത്തകരുടെ ആരോപണം.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price