Pudukad News
Pudukad News

ചിമ്മിനി ഇക്കോടൂറിസം പദ്ധതിക്ക് മൂന്ന് കോടിരൂപയുടെ ഭരണാനുമതി


ചിമ്മിനി ഇക്കോടൂറിസം പദ്ധതിക്ക് മൂന്ന് കോടിരൂപയുടെ ഭരണാനുമതിയായതായി കെ.കെ. രാമചന്ദ്രൻ എംഎൽഎ അറിയിച്ചു. വനംവകുപ്പ് മുഖേന സമർപ്പിച്ച അഞ്ച് കോടി രൂപയുടെ പദ്ധതിയിലാണ് തുക അനുവദിച്ചത്. ചിമ്മിനിയിൽ നടന്ന പുതുക്കാട് മണ്ഡലം ടൂറിസം പദ്ധതികളുടെ  അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷംരൂപകൊണ്ട് പണിയുന്ന ടോയ്‌ലറ്റ് ബ്ലോക്ക് പദ്ധതിയുടെ നിർമാണ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുടിവെള്ള പദ്ധതി ഉടനെ ആരംഭിക്കും.
വരന്തരപ്പിള്ളി  ഗ്രാമപഞ്ചായത്തിന്റെ ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ അനുവദിച്ച 50 ലക്ഷം രൂപയ്ക്ക് സോളാർ ബോട്ട്, ബഗ്ഗി, ചിൽഡ്രൻസ് പാർക്ക്  തുടങ്ങിയവ ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കും. നവ കേരളനിർമിതിയുടെ ഭാഗമായി അനുവദിച്ച ഒരുകോടി രൂപയിൽ ബോട്ട് ലാൻഡിങ്, കഫ്തീരിയ തുടങ്ങിയവ പണിയുന്നതിനുള്ള  എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സമർപ്പിച്ചു.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മുനിയാട്ടുകുന്ന്, മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ കുഞ്ഞാലിപാറ എന്നീ ടൂറിസം പദ്ധതികൾക്കായി സ്ഥലം ലഭ്യമാക്കുന്ന നടപടികൾ സ്വീകരിച്ചു വരുന്നതായി ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു. പ്രസ്തുത പദ്ധതികളുടെ പ്രോജക്ട്  റിപ്പോർട്ട് തയ്യാറാക്കി വരുന്നതായും എൻഒസി ലഭ്യമാക്കുന്ന മുറയ്ക്ക് ടൂറിസം വകുപ്പിന് സമർപ്പിക്കുമെന്നും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 
ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള കുട്ടവഞ്ചി സവാരി, മൂന്ന് ട്രക്കിങ് പാക്കേജുകൾ എന്നിവ വിജയകരമായി നടത്തി വരുന്നുണ്ട്. സംസ്ഥാന ബജറ്റിൽ അനുവദിച്ച ഒരുകോടി രൂപ ഉപയോഗപ്പെടുത്തി വ്യൂ പോയിന്റ്, ഗാർഡൻ, പാർക്കിങ് ഗ്രൗണ്ട്, സെൽഫി പോയിന്റ് നവീകരണം എന്നിവയുടെ അനുമതിക്കായി എസ്റ്റിമേറ്റ് ഉടൻ സമർപ്പിക്കാനും തീരുമാനിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ചുകൊണ്ട് മേഖലയിൽ ശുചിമുറികൾ പണിയുന്നതിന് നടപടി സ്വീകരിക്കും. 
ഒഴിഞ്ഞുകിടക്കുന്ന കോർട്ടേഴ്സുകൾ ഉപയോഗപ്പെടുത്തി വിനോദസഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കുന്നതിനും ആലോചിക്കുന്നതായി എംഎൽഎ പറഞ്ഞു.കെ.കെ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ കളക്ടർ അർജുൻ പാണ്ഡ്യൻ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി.ജി. അശോകൻ, ചിമ്മിനി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കെ.എം. മുഹമ്മദ്‌ റാഫി, ടൂറിസം പ്രൊജക്റ്റ്‌ എഞ്ചിനീയർ കെ.വി. വിദ്യ,  ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ ശാരിക വി. നായർ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എസ്. പ്രദീപ് കുമാർ, ജനപ്രതിനിധികളായ എം.എസ്. സുമേഷ്, റോസിലി തോമസ്, അഷറഫ് ചാലിയത്തോടി  തുടങ്ങിയവർ സംസാരിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price