മീൻ വളർത്തൽ കേന്ദ്രത്തിൽ അനധികൃതമായി മീൻ പിടിക്കുന്നത് ചോദ്യം ചെയ്ത ഉടമയെയും ബന്ധുവിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് ഏഴുവർഷം തടവും 35000 രൂപ പിഴയും വിധിച്ചു. നന്തിക്കര സ്വദേശികളായ തണ്ടാശ്ശേരി വീട്ടിൽ സനീഷ്, സിദ്ധാർത്ഥൻ എന്നിവരെയാണ് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്ജ് ആർ.കെ. രമ ശിക്ഷിച്ചത്.
നന്തിക്കര മാടായി വീട്ടിൽ ശിവജി, ഭാര്യാ സഹോദരൻ സുഭാഷ് എന്നിവരെ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പ്രതികൾ ശിവജിയുടെ ഉടമസ്ഥതയിലുള്ള മീൻ വളർത്തുന്ന കുളത്തിൽ രാത്രിയിൽ മീൻ പിടിക്കുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം.
2014 ജൂലായ് 17-ന് രാത്രി 11നായിരുന്നു കേസിനാസ്പദമായ സംഭവം. പുതുക്കാട് സബ് ഇൻസ്പെക്ടർ കെ.എസ്. സന്ദീപിനായിരുന്നു അന്വേഷണ ചുമതല. എസ്.എച്ച്.ഒ. പി.വി. ബേബി കുറ്റപത്രം സമർപ്പിച്ചു.
സനീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ
ജോജി ജോർജ്, അഭിഭാഷകരായ പി.എ. ജെയിംസ്, എബിൻ ഗോപുരൻ, സൗമ്യ എന്നിവർ ഹാജരായി. പിഴ തുക ഒടുക്കിയില്ലെങ്കിൽ നാലുമാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ