പുതുക്കാട് കെ.എസ്.ടി.സി സ്റ്റാൻഡിന് എതിർവശത്ത് ബസ് ഷെൽറ്റർ നിർമിക്കാൻ തീരുമാനം.
ദേശീയപാത 544 ലെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി ഉണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ജില്ല കലക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. നിരന്തരമായ അപകടങ്ങളെ തുടർന്ന് പുതുക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലെ യു-ടേൺ അടച്ചതോടെ തൃശൂർ ഭാഗത്തേക്കുള്ള ബസുകൾ ദേശീയപാതയിൽ നിർത്തി ആളുകളെ കയറ്റുകയായിരുന്നു. ഇതുമൂലം യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. ഇവിടെ ബസ് ഷെൽട്ടർ നിർമിക്കുന്നതിന് കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു തുക അനുവദിക്കുന്നതിന് പ്രൊപ്പോസൽ നൽകിയിരുന്നെങ്കിലും ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചിരുന്നില്ല. നിർദിഷ്ട പുതുക്കാട് മേൽപ്പാലത്തിന്റെ അലൈൻമെന്റ് നിശ്ചയിച്ചതിനു ശേഷം സ്ഥിരമായ നിർമാണം ഏർപ്പെടുത്തിയാൽ മതിയെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ നിലപാട്. തൃശ്ശൂർ ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കാതെ ആയതോടെ യാത്രക്കാർക്ക് ഉണ്ടായ ദുരിതവും അപകട സാധ്യതകളും പരിഗണിച്ചാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശം ഒരു താൽക്കാലിക ബസ് ഷെൽട്ടർ നിർമിക്കുന്നതിന് ദേശീയ പാത അതോറിറ്റി സന്നദ്ധത അറിയിച്ചത്. നിർമാണം ഉടൻ ആരംഭിക്കുമെന്നു ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ