പുതുക്കാട് മണ്ഡലം മഴക്കാലപൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അവലോകനയോഗം ചേർന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം.ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി.എസ്. ബൈജു, എൻ. മനോജ്, സുന്ദരി മോഹൻദാസ്, കലാ(പിയ സുരേഷ്, കൊടകര ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ ഷീല മനോഹരൻ, പറപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന സുരേന്ദ്രൻ,ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ് തുടങ്ങിയവരും മണ്ഡലത്തിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്,തദ്ദേശം, ഇറിഗേഷൻ, പൊതുമരാമത്ത്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി. തുടങ്ങിയ വിവിധ വകുപ്പുകളിലെയും, സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് റോഡുകൾ ഉൾപ്പടെയുള്ള മുഴുവൻ റോഡുകളുടേയും കാനകൾ അടിയന്തിരമായി വൃത്തിയാക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് അടിയന്തിരമായി ട്രീ കമ്മറ്റികൾ ചേർന്ന് നടപടി സ്വീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. ഓടൻചിറ ഷട്ടറിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കാവാൻ നടപടി സ്വീകരിക്കും. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കും അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന മേഖലകളിൽ പകർച്ച വ്യാധിയുടെ സാന്നിധ്യമുണ്ടോ എന്ന് കൃത്യമായ നിരീക്ഷണം നടത്തുന്നതിനും യോഗത്തിൽ തീരുമാനമായി. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ഒഴിവുള്ള പഞ്ചായത്തുകളിൽ ആവശ്യമായ ചാർജ് നൽകുന്നതിനും നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. പുഴയുടേയും, കനാലുകളുടെയും ഗതിമാറ്റം മൂലം തകർന്ന തീര പ്രദേശങ്ങളിൽ ആവശ്യമായ സംരക്ഷണനടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പുതുക്കാട് മണ്ഡലം നോഡൽ ഓഫീസറായ കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സി. ജിനീഷ് അവലോകനത്തിന് നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ